Monday, 15 August 2011

എന്നെക്കുറിച്ച്...

എന്നെ കുറിച്ച് പറയുന്ന ഒരു പുസ്തകവും മലയാളിത്തിലോ മറ്റു ഭാഷകളിലോ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഞാന്‍ തന്നെ പറയാം...
ഭഗവാന്‍ അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന പന്തളമാണ് എന്റെ നാട്. എണ്‍പതിന്റെ മധ്യത്തിലെ ഒരു ഇടവപ്പാതിയില്‍ പൊട്ടിമുളച്ച ഒരു ജീവനാണ് ഞാന്‍. ഇടവപ്പാതിയില്‍ ജനിച്ചതുകൊണ്ടാവം, മഴ ഒരുപാട് ഇഷ്ട്ടമാണ്. അഞ്ചാം തരത്തിലാണ് എഴുത്തിന്റെ ലോകത്തിലേക്ക്‌ പിച്ച വെക്കാന്‍ ഒരു ശ്രമം നടത്തിയത്. പാളിപ്പോയില്ല. തുടര്‍ന്നു... എഴുതുന്ന കഥകളിലെല്ലാം മഴയുടെ ഒരു ചെറിയ സാന്നിധ്യം പലപ്പോഴും കടന്നുവരാറുണ്ട്. അങ്ങനെ എഴുതി എഴുതി എന്റെ കഥയില്‍ അവിചാരിതമായി ഒരു ഹ്രസ്വചിത്രവും പിറവിയെടുത്തു. ആ ഹ്രസ്വചിത്രത്തിലുമുണ്ട് മഴ. ജീവനുള്ള മഴ. അക്ഷരങ്ങള്‍ക്ക് ജീവന്‍വെച്ച് പെയ്തിറങ്ങിയ മഴ. പെയ്തുതോരത്ത മഴ പോലെ ഇന്നും എഴുത്ത് തുടരുന്നു... എഴുത്തിനോടൊപ്പം ഫോട്ടോഗ്രാഫിയിലും താല്പര്യമുണ്ടായിരുന്നു കുട്ടിക്കാലം മുതല്‍.ആ കാലത്ത് ഒരു ക്യാമറ സ്വന്തമാക്കണമെന്ന് പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവാനുഗ്രഹത്താല്‍ അതെനിക്ക് സാധിച്ചു. അതിന്റെ പിറകിലുമുണ്ട് ഒരു കഥ. അത് പിന്നീടൊരിക്കല്‍ പറയാം.

സ്വന്തം കഥയില്‍ ഒരു ചലച്ചിത്രം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എഴുത്തിനും ഫോട്ടോഗ്രാഫിക്കുമൊപ്പം പാട്ട്, തിരക്കഥ, സംവിധാനം തുടങ്ങിയ മറ്റു മേഖലകളിലും ഞാന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു... എന്റെ കലാജീവിതത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചക്ക് നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹവും സഹകരണവും ഞാന്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു... കലയെ സ്നേഹിക്കുന്ന നിങ്ങള്‍ക്കേവര്‍ക്കും എന്റെ ഈ പുതിയ ഉദ്യമത്തിലേക്ക് സസന്തോഷം സ്വാഗതം...

ഒരു നിമിഷം ...

ചിത്രങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ചെറിയ അപേക്ഷ... കണ്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത് കേട്ടോ... ഒരുപക്ഷെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എന്റെ തുടര്‍ന്നുള്ള യാത്രക്ക് വലിയൊരു മുതല്‍ക്കൂട്ടായേക്കാം...

Thursday, 11 August 2011

ദൈവത്തിന്റെ കണ്ണ്




"ചൈത്രം ചായം ചാലിച്ചു... നിന്റെ ചിത്രം വരക്കുന്നൂ..."

ഇതൊരു സെറ്റ് ഇട്ടതല്ല. സ്വപ്നലോകമല്ല. ചായങ്ങള്‍ ചാലിച്ചതും ചിത്രം വരച്ചതും മനുഷ്യനുമല്ല. പ്രകൃതിയില്‍നിന്ന് തന്നെയുള്ള അതിമനോഹരമായ ഒരു കാഴ്ച്ചയാണിത്. അദൃശ്യനായ ചിത്രകാരന്‍ എവിടെയും എപ്പോഴുo തന്റെ കണ്ണുകള്‍ കൊണ്ട് ചിത്രം വരച്ചുകൊണ്ടേയിരിക്കുന്നു.

ദൈവം വരച്ച ചിത്രം



ദൈവം വരച്ച വിലപിടിപ്പുള്ള ഒരു ചിത്രം. കോവളത്ത് നിന്നുള്ള കാഴ്ച.

ആസ്വാദകര്‍




ആസ്വാദനവും ഒരു കലയാണ്‌. അതില്ലാതെ ആരെയും ദൈവം സൃഷ്ട്ടിക്കുന്നില്ല. കാരണം, "കല തന്നെ ജീവിതം" എന്ന് ഉറച്ചു വിശ്വസിച്ചു ജീവിതം തള്ളിനീക്കുന്ന ഒരു കൂട്ടം ജനതയ്ക്ക് ആസ്വാദകരില്ലെങ്കില്‍ ജീവിതവുമില്ല.

സ്നേഹിതര്‍




മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, പ്രകൃതിയിലുമുണ്ട് സ്നേഹിതര്‍...
താമരയും സൂര്യനും പോലെ, ചന്ദ്രനും ആമ്പലും പോലെ, പൂക്കളും ശലഭങ്ങളും പോലെ, ഇവിടെ ഇതാ രണ്ട് ആത്മാക്കള്‍ വിശുദ്ധ പ്രേമത്തിന്റെ വാകച്ചാര്‍ത്തണിഞ്ഞു നില്‍ക്കുന്നു...

Tuesday, 9 August 2011

മൃഗയ




മനുഷ്യന്‍ വളര്‍ത്തുന്ന ഓമനമൃഗമാണ്‌ പൂച്ച. ഇതാ ഈ പൂച്ചയെ നോക്കൂ... പെട്ടെന്ന് കണ്ടാല്‍ ഒരു കീരി ആണെന്ന് തോന്നുമെങ്കിലും സംഗതി സത്യമല്ല. ഒരു പാവം പൂച്ചയാണിത്. ആംഗിള്‍ മാറിയപ്പോ ഒരു വില്ലന്‍ ലുക്ക്‌ ആയെന്നുമാത്രം.

Monday, 8 August 2011

നെയ്യാര്‍ സുന്ദരി



തിരുവനന്തപുരം നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള നെയ്യാര്‍ ഡാമില്‍ വെയിലും കാറ്റും മഴയും ഏറ്റ് സഞ്ചാരികളെ സ്വാഗതം ചെയ്ത് നില്‍ക്കുകയാണ് ഈ സുന്ദരി. ശില്പ്പത്തെപ്പോലും പീഡിപ്പിക്കുന്ന ഈ കാലത്ത് രാത്രിയും പകലും ഒറ്റയ്ക്ക് നിന്ന് സഞ്ചാരികള്‍ക്ക് സ്വാഗതമരുളുന്ന ഈ ശില്പസുന്ദരിയെ സമ്മതിക്കണം.


Sunday, 7 August 2011

ജീവിതനൗക



ഇങ്ങനെയുമുണ്ട് ജീവിതങ്ങള്‍. ഒരു നേരത്തെ അന്നത്തിനായി ഒരു ദിവസം മുഴുവന്‍ നടുക്കടലില്‍ പണിയെടുക്കുന്നവര്‍... ഒരു ശക്തമായ കാറ്റടിച്ചാല്‍ ആടിയുലയുന്ന ജീവിതങ്ങള്‍... വൈപ്പിനില്‍ നിന്നുള്ള കാഴ്ച.

ഭൂമിക്കൊരു കുട



കൊടും വെയിലില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ വിവിധ കമ്പനികളുടെ കുടകളുണ്ട്. എന്നാല്‍ ഭൂമിക്കു ചൂടാനുള്ള കുട ഒരു കമ്പനിക്കും നിര്‍മിക്കാനാവില്ല. അത് നിര്‍മിക്കേണ്ടത് ഓരോ മനുഷ്യന്‍റെയും കടമയാണ്. മരങ്ങള്‍ കൊണ്ടുള്ള കുടകളാണ് ഭൂമിക്ക് ഇന്ന് ആവശ്യം. ശോഭനമായ ഒരു ഹരിതലോകത്തിനായ് ഓരോ മനുഷ്യനും ഒരു മരം വീതം നാട്ടുപിടിപിച്ചാല്‍ ഭൂമിക്ക് മാത്രമല്ല നമുക്കും അതൊരു പ്രകൃതിദത്തമായ കുട തന്നെയാണ്.

കാവിനുമുണ്ടൊരു കഥപറയാന്‍




ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ചെറുരൂപങ്ങളാണ് കാവുകള്‍. ഗ്രാമീണരുടെ ദേവതാരാധനാ കേന്ദ്രങ്ങളായ ഇത്തരം കാവുകള്‍ ഇപ്പോള്‍ കേരളത്തില്‍ കുറച്ചേ അവശേഷിക്കുന്നുള്ളൂ...

എന്റെ ഗ്രാമത്തിലെ ഒരു കാവ്.

വര്‍ഷങ്ങള്‍ പോയതറിയാതെ...





"ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ"

വര്‍ഷങ്ങള്‍ പോയതറിയാതെ, തളിര്‍ത്തും പൂത്തും കായ്ച്ചും ഇലകള്‍ പൊഴിച്ചും, മറ്റ് അനര്‍ഥങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇനിയും ഒരുപാട് ഋതുഭേദങ്ങളുടെ സാക്ഷിയാകാനുള്ള നിയോഗവുമായി വീണ്ടും...

ജീവനില്ലാത്ത തോണി



കടലില്‍ നിന്ന് വലിച്ചു കരയ്ക്കിട്ട മത്സ്യത്തെ പോലെയാണ് ഈ തോണിയും... ഇപ്പോള്‍ ഇത് ജീവനില്ലാത്ത ഉള്ളു പൊള്ളയായ ഒരു ഉണങ്ങിയ മരത്തടി മാത്രം.

Wednesday, 3 August 2011

മഴമുറ്റം



ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് വീടിനുള്ളില്‍ മൂടിപ്പുതച്ചുറങ്ങാന്‍ കൊതിയില്ലാത്തവര്‍ ആരുണ്ട്‌? അങ്ങനെയൊരു മഴക്കാലത്ത്‌ മുറ്റത്തേക്കിറങ്ങിയാല്‍ മുട്ടറ്റം വരെ വെള്ളമുണ്ടാകും. അത്തരമൊരു മഴമുറ്റം..!

വിജനമീ വീഥി



വരുവനില്ലാരുമീ വിജനമാമീവഴിക്കറിയാം അതെന്നാലുമെന്നും...

വിജനതക്കും ഉണ്ട് ഒരു സൌന്ദര്യം.

മരമുത്തച്ഛന്‍



പുണ്യം മാത്രമേ ചെയ്തിട്ടുള്ളൂ ജീവിതത്തില്‍.. കാലമേറെയായി. ഇന്നും അത് തുടരുന്നു.. എങ്ങും വികസനം നടക്കുകയാണ്. കൂടെയുള്ള പലരും വിട്ടുപോയി. വികസനത്തിന്റെ പേരില്‍ തന്നെയും നശിപ്പിക്കുമോ? ഈ മരമുത്തച്ഛന്‍ ആശങ്കയിലാണ്...

ഓണത്തുമ്പി




ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ...

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് പാറിവരുന്ന ഓണത്തുമ്പികള്‍ ഇന്ന് ഓര്‍മയായിക്കൊണ്ടിരിക്കുന്നു.

കണ്ണാടിപ്പുഴയും സുന്ദരിപ്പൂവും



കണ്ണാടിപ്പുഴ സുന്ദരിപ്പൂവിനെ സ്വന്തം കാതില്‍ ചൂടിയതോ?
അതോ സുന്ദരിപ്പൂവ് കണ്ണാടിപ്പുഴയില്‍ നോക്കി മുഖം മിനുക്കുന്നതോ?

സുഖനിദ്ര



ഇളം കാറ്റിന്റെ തലോടലേറ്റ് കടല്‍ക്കരയില്‍ കിടന്നുറങ്ങാന്‍ എന്താ രസം..! ഒരല്‍പം ആഡംബരം കൂടിയായാല്‍ ബഹുകേമം. കോവളത്ത് നിന്നുള്ള കാഴ്ച.

ദി മിറര്‍



ചങ്ങാതി നന്നായാൽ കണ്ണാടി
വേണ്ട. സൂക്ഷിച്ചു നോക്കൂ... സ്വന്തം രൂപം ഏകദേശം തെളിഞ്ഞു കാണുന്നില്ലേ? പേടിക്കേണ്ട. നമ്മുടെ പൂര്‍വികനാണ് . അല്പം സാദൃശ്യം തോന്നുന്നത് സ്വാഭാവികം.

റിഫ്ലക്‌ഷന്‍സ്



വിശാലമായ നെല്‍പ്പാടവും, തെങ്ങിന്‍തോപ്പും, മേഞ്ഞു നടക്കുന്ന പശുക്കളും ഒരു ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലമേറെ മാറിയെങ്കിലും അത്തരം ചില കാഴ്ചകള്‍ ഇന്നും മായാതെ നില്‍ക്കുന്നു...


ബന്ധുവാര് ശത്രുവാര്



കള്ളന്മാരെയും വീട്ടില്‍ അതിക്രമിച്ചു കടക്കുന്നവരെയും തുരത്തുക എന്നതാണ് കാവല്‍നായ്ക്കളുടെ ജീവിത ലക്ഷ്യം. എങ്കിലും പലപ്പോഴും കമ്പിയഴിക്കുള്ളിലാണ് ഈ മിണ്ടാപ്രാണികളുടെ ജീവിതം...

ഒറ്റയാന്‍



വിജനമായ ഈ കായലോരത്ത് ആരെയോ കാത്തു നില്‍ക്കുകയാണ് ഈ ഒറ്റയാന്‍ മരം. കാലമേറെയായി. അസ്തമിക്കാത്ത പ്രതീക്ഷയോടെ ഇന്നും ആ നില്‍പ്പ് തുടരുന്നു...

മഴനൂലുകള്‍



നൂലുകളായ് പെയ്തിറങ്ങുകയാണ്‌ മഴ...!
ഓര്‍മ്മകളെ നനയിച്ച്...
മനസ്സിനെ കുളിര്‍പ്പിച്ച്...

ക്ലാസ്സിക്‌ സണ്‍സെറ്റ്



തികച്ചും മനോഹരമായ ഒരു ചിത്രം വരച്ചു വെച്ചതു പോലെ...
ആ അദൃശ്യചിത്രകാരന്റെ കലര്‍പ്പില്ലാത്ത കരവിരുത് ഇവിടെ മറനീക്കി പുറത്തുവരുന്നു... മറൈന്‍ഡ്രൈവില്‍ നിന്നുള്ള കാഴ്ച.

അപൂര്‍വ സഹോദരങ്ങള്‍



"അണ്ണാറക്കണ്ണാ വാ പൂവാലാ... ചങ്ങാത്തം കൂടാൻ വാ..."

ഈ പാട്ട് കേട്ടിട്ടാവും അണ്ണാറക്കണ്ണന്മാര്‍ ഇപ്പൊ കുട്ടികളുടെ കൂടെ ആണെന്ന് തോന്നുന്നു. കണ്ടില്ലേ ആ ഇരുപ്പ്...

കണ്ണാടിക്കൂടാരം



ഉദ്യാനങ്ങളുടെ നാട്ടിലെ ഈ ദ്രിശ്യവിസ്മയം പൂര്‍ണ്ണമായും ഗ്ലാസ്‌ കൊണ്ട് നിര്‍മിച്ചതാണ്. രാത്രികാലങ്ങളില്‍ വര്‍ണ്ണശോഭയോടെ ജ്വലിച്ചു നില്‍ക്കുന്ന ഈ കണ്ണാടിക്കൂടാരം കാണാന്‍ കാഴ്ചക്കാരേറെയുണ്ട്.

ഫോര്‍ ദി ലൈഫ്



അറുപതു കടന്നാല്‍ പിന്നെ നമ്മുടെ നാട്ടില്‍ പല വൃദ്ധന്മാരും വൃദ്ധകളും വീടിനുള്ളിലെ ഏകാന്തതകളില്‍ കഴിഞ്ഞു കൂടുന്നവരാണ്. ഇത് നൊക്കൂ ... വാര്‍ധക്യത്തിന്റെ ചുളിവുകള്‍ ഇവരുടെ ജീവിതത്തെ തളര്‍ത്തിയിട്ടില്ല. പത്തു പാക്കറ്റ് കടലയും കപ്പലണ്ടിയും വിറ്റാല്‍ത്തന്നെ ഒരു നേരത്തേക്കുള്ള ആഹാരത്തിനുള്ള വകയായി... ബാംഗ്ലൂര്‍ നഗരത്തിലെ ഒരു തെരുവ് കാഴ്ച.

ഒത്തുപിടിച്ചാല്‍...




"ഒത്തുപിടിച്ചാല്‍ മലയും പോരും" എന്നതാണ് ചൊല്ല്. ഇത് മനുഷ്യന് മാത്രമല്ല ഉറുമ്പുകള്‍ക്കും ബാധകാമാണ് എന്നതാണ് സത്യം. ഉറുമ്പുകളുടെ ആഹാരശേഖരണം വളരെ പ്രയാസമേറിയ ഒരു ജോലിയാണ്. ഇതാ കണ്ടില്ലേ..?

ആവേശത്തിരമാല



ആബാലവൃദ്ധo ജനങ്ങള്‍ക്കും കടല്‍ ഒരു ആവേശമാണ്. ഉയര്‍ന്നു പൊങ്ങുന്ന തിരയില്‍ നീന്തിത്തുടിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. കോവളത്ത് നിന്നുള്ള ദൃശ്യം.

ഒരു നവീനവിദ്യാലയ നേര്‍ക്കാഴ്ച



ഇന്നത്തെ പല സര്‍ക്കാര്‍ സ്കൂളിലെയും അവസ്ഥയാണിത്. ഭാവിയിലൊരുനാള്‍ ഈ കുട്ടിയും തന്‍റെ പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കും. ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളും വരാന്തകളും മാത്രമായിരിക്കും അപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടാവുക . കൂട്ടുകൂടാനും മനസ്സ് തുറന്നു സംസാരിക്കാനും കൂട്ടുകാര്‍ പോലുമില്ലാത്ത അവസ്ഥ. സൌഹൃദം എന്താണെന്നു പോലും അറിയാത്ത തലമുറ. ഇത് ഇന്നത്തെ നവീനവിദ്യാലയത്തിന്റെ നേര്‍ക്കാഴ്ച.


അമ്മയെ കാണുന്നില്ലല്ലോ...



മറ്റാരെക്കാളും ഒരു കുഞ്ഞ് ആഗ്രഹിക്കുന്നത് അവന്റെ അമ്മയുടെ സാമീപ്യമാണ്. എത്ര ദൂരെയയാലും ആരൊക്കെ സന്തോഷിപ്പിച്ചാലും അവന്റെ നിഷ്കളങ്കമായ മനസ്സ് സ്വന്തം അമ്മയെ തേടിക്കൊണ്ടേയിരിക്കും...

Tuesday, 2 August 2011

പച്ചപ്പുകള്‍



ഒരു നാള്‍ ഈ ചിത്രത്തിന് ആരാധകര്‍ ഏറെയുണ്ടാകും. അന്ന് ഇത് വന്‍വിലക്ക് വിറ്റുപോകും. കാരണം നമ്മുടെ ലോകത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു അമൂല്യവസ്തുവാണ് ഈ പച്ചപ്പുകള്‍. ഭാവിയില്‍ ഷോ-കേസുകളില്‍ ചിത്രങ്ങളുടെ രൂപത്തില്‍ മാത്രമാകും ഈ പച്ചപ്പുകള്‍ കാണാനാവുക.

ആനച്ചന്തം



ഇന്ത്യയുടെ പൈതൃക മൃഗമാണ് ആന. ഉത്സവതിടമ്പേറ്റി നെറ്റിപ്പട്ടം ചൂടി നില്‍ക്കുന്ന ഗജവീരന്റെ ചന്തം ഒന്ന് കാണേണ്ടതാണ്. കുട്ടികള്‍ക്ക് മാത്രമല്ല., മുതിര്‍ന്നവര്‍ക്കും ആനയൊരു കൌതുകമാണ്.

ബാല്യം



പ്രായമേറെ കഴിഞ്ഞാലും മനസ്സിന്റെ മണിച്ചെപ്പില്‍ മധുരമൂറി നില്‍ക്കുന്ന ഒരു കാലമുണ്ട്. ബാല്യകാലം. മണ്ണപ്പം ചുട്ടുകളിച്ചും, അയല്‍പക്കത്തെ മാമ്പഴം എറിഞ്ഞുവീഴ്ത്തിയും , പെരുമഴയത്തും തുള്ളിച്ചാടി നടന്നതും നിറം മങ്ങാത്ത ഓര്‍മകളായി എന്നും നമ്മുടെ മനസ്സില്‍ ഉണ്ടാവും...

വിനോദയാത്ര



കടല്‍ എന്നും ഒരു അത്ഭുതമാണ്. പഠനകാലത്ത്‌ കടല്‍പ്പുറത്തേക്കൊരു വിനോദയാത്ര എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നും. കോവളം കടല്‍പ്പുറത്തുനിന്നുള്ള ദൃശ്യം .